Tuesday, November 6, 2018

ഷെയര്‍ മാര്‍കറ്റ്‌ നിക്ഷേപത്തില്‍ നഷ്ടം എങ്ങിനെ ഒഴിവാക്കാം.

ഷെയര്‍ മാര്‍കറ്റില്‍ ഇന്‍വെസ്റ്റ്‌ ചെയ്യുന്ന കാര്യം പറയുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യം വരുന്ന കാര്യം അത് കാശ് പോകുന്ന ഏര്‍പാടാണ് എന്ന ഒരു വിശ്വാസം ആണ്.
അതിന്‍ അവര്‍ക്ക് ഒരു പാട് ഉദാഹരണങ്ങളും പലരും പറഞ്ഞ അനുഭവങ്ങളും ഉണ്ടാകും. ഒരു വേദിയില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ തെരഞ്ഞെടുത്ത വിഷയം സ്റ്റോക് മാര്‍കറ്റില്‍ എങ്ങിനെ ഇന്‍വെസ്റ്റ്‌ ചെയ്യാം എന്നതായിരുന്നു. ഞാന്‍ അത് പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ പലരുടെയും മുഖത്ത് ഒരു കള്ളച്ചിരി കണ്ടു. അതില്‍ പലരും മുമ്പ് പണം നഷടപ്പെട്ടവരോ അല്ലെങ്കില്‍ അത് ഒരു പണം നഷ്ടപെടുത്തുന്ന പരിപാടിയാണ് എന്ന് വിസ്വസിക്കുന്നവരോ ആയിരുന്നു.

ഇപ്പോള്‍ ഒരു സാധാരണക്കാരന് ലഭ്യമായ നിക്ഷേപാവസരങ്ങില്‍ ഏറ്റവും നല്ല നേട്ടം നല്‍കുന്ന നിക്ഷേപ മാര്‍ഗം ഷെയര്‍ മാര്‍കറ്റ്‌ തന്നെയാണ്. ഇന്ന് നാട്ടിന്‍ പുറങ്ങളില്‍ കാണുന്നത് കയ്യിലുള്ള സമ്പാദ്യം ഏതെങ്കിലും ലോക്കല്‍ ബിസിനസില്‍ ഓണര്‍ഷിപ്പ് അവകാശം ഒന്നും ഇല്ലാതെ നിക്ഷേപം ആയി കൊടുത്ത് അതില്‍ നിന്ന് ഒരു മാസവരുമാനം വാങ്ങുക എന്നതാണ്. പക്ഷെ കുറച്ചു കഴിയുമ്പോള്‍ വരുമാനവുമില്ല മുതലും ഇല്ല എന്നാ അവസ്ഥ സര്‍വ സാധാരണം ആണ്. ഇതിന്റെ പത്തിലൊരു റിസ്ക്‌ പോലും ഷെയര്‍ മാര്‍കറ്റ്‌ നിക്ഷേപത്തിന്‍ ഇല്ല. എന്നാല്‍ ഷെയര്‍ മാര്കടിലെ ലാഭ സാധ്യത പലപ്പോഴും ഇത്തരം നിക്ഷേപത്തേക്കാള്‍ എത്രയോ ഇരട്ടി ആണ് താനും.  

ഷെയര്‍ മാര്‍ക്കറ്റില്‍ ഇന്‍വെസ്റ്റ്‌ ചെയ്യുക എന്നാല്‍ നന്നായി നടക്കുന്ന കമ്പനികളുടെ ഷെയര്‍ വാങ്ങുക എന്നതാണ്. അപ്പോള്‍ ഏതു ബിസിനസ്സിലും എന്നത് പോലെ നഷ്ട സാധ്യത ഷെയര്‍ മാര്കടിലെ ഇന്വേസ്റ്മെന്ടിലും ഉണ്ട്. പക്ഷെ എല്ലാ കമ്പനികളും ബിസിനസ്കളും നഷ്ടത്തില്‍ അല്ലല്ലോ കാലങ്ങളോളം അതിജീവിച്ചു പോകുന്നത്! അപ്പോള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ലാഭം ഉണ്ടാക്കുന്ന കമ്പനികളുടെ ലാഭത്തിലും വളര്‍ച്ചയിലും പങ്കാളികളാകാന്‍ ഉള്ള ഒരു മികച്ച അവസരം ആണ് ഷെയറുകള്‍ വാങ്ങുക എന്നത്! അത്തരം കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഒരു പങ്ക് കൂടെയാണ് ഷെയര്‍ വാങ്ങുന്നതിലൂടെ ലഭിക്കുന്നത്. 

നമ്മള്‍ നല്ലതെന്നു വിശ്വസിച് വാങ്ങി നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത അല്ലെങ്കില്‍ പിന്നീട് ആ കമ്പനി തകര്‍ച്ചയിലേക്ക് പോകുന്ന ഒരു സാഹചര്യമാണ് ഒരു നഷ്ട സാധ്യത. ഒരു കമ്പനിയെ സംബന്ധിച്ചും അതിന്റെ ബിസിനസ്സിന്റെ സംബന്ധിച്ചും പബ്ലിക്കായി ലഭ്യമായ വിവരങ്ങള്‍ വച്ചാണ് കമ്പനികളെ വിലയിരുത്തുന്നതും വാങ്ങാന്‍ തീരുമാനിക്കുനതും. അങ്ങിനെയുള്ള വിലയിരുത്തലില്‍ തെറ്റ്പറ്റാം. ഇവിടെ ആണ് എല്ലാ മുട്ടയും ഒരു കുട്ടയില്‍ വെക്കരുതെന്ന ചൊല്ല് അന്വര്തമാകുന്നത്. നമ്മുടെ കയ്യില്‍ ഷെയര്‍ മാര്‍കറ്റില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ഉദ്ദേശിച്ച മുഴുവന്‍ തുകയും ഒന്നോ രണ്ടോ കമ്പനികളില്‍ മാത്രമായി ഇടാതിരിക്കുക എന്നതാണ് ഇവ്വിധത്തിലുള്ള നഷ്ടം കുറക്കാന്‍ ഉള്ള ഒരു മാര്‍ഗം.  മൊത്തം തുകയുടെ വലിപ്പം അനുസരിച്ച് പത്തു മുതല്‍ മുപ്പത് വരെ കമ്പനികളില്‍ ആയി നിക്ഷേപിക്കുക. അപ്പോള്‍ ഒന്നില്‍ പിഴച്ചാല്‍ മറ്റുള്ളവയില്‍ അത് പരിഹരിക്കാം.

മറ്റൊരു നഷ്ട സാധ്യത ഹ്രസ്വകാലയളവില്‍ മാര്‍കറ്റില്‍ ഉണ്ടാകുന്ന ഇടിച്ചല്‍ ആണ്. അത് പക്ഷെ ഒരു ദീര്ഘകാല നിക്ഷേപകരെ ബാധിക്കുന്ന കാര്യമേ അല്ല. ഇത്തരം അവസരത്തില്‍ നഷ്ടം സംഭവിക്കുന്നത് ആ തകര്‍ന്ന വിലയില്‍ വില്‍ക്കുമ്പോള്‍ മാത്രമാണ്. നമ്മള്‍ ഷെയര്‍ വാങ്ങിയ കമ്പനിയുടെ സാമ്പത്തിക അവസ്ഥയിലും ബിസിനസിലും കുഴപ്പമൊന്നും ഇല്ലെങ്കില്‍ മാര്‍കറ്റില്‍ ഉണ്ടാകുന്ന തകര്‍ച്ച നമ്മളെ വേവലാതിയില്‍ ആക്കേണ്ട ആവശ്യമേ ഇല്ല. കാശ് ഉണ്ടെങ്കില്‍ കുറഞ്ഞ വിലക്ക് ഇനിയും കൂടുതല്‍ വാങ്ങാനുള്ള അവസരമായി ആണ് അത്തരം തകര്ച്ചകളെ കാണേണ്ടത്. 

ഇത് പോലെ ചില കരുതലുകള്‍ എടുത്ത് കാര്യങ്ങള്‍ മനസ്സിലാക്കി ഇന്‍വെസ്റ്റ്‌ ചെയ്യുന്നവര്‍ക്ക് ഷെയര്‍ മാര്‍കറ്റ്‌ നിക്ഷേപം ഒരിക്കലും നഷ്ടം ആകില്ല.


Thursday, November 1, 2018

പ്രൈമറി വിദ്യാഭ്യാസം കേരളം Vs. ഫിന്‍ലന്‍ഡ്‌

കേരളത്തിൽ പ്രൈമറി അധ്യാപകർക്ക് വേണ്ട കുറഞ്ഞ യോഗ്യത ടി ടി സി (പ്ലസ് 2 കഴിഞ്ഞ് ചെയ്യുന്നത്). എന്നാല് ഫിൻലൻഡിൽ അത് ബിരുദാനന്തര ബിരുദം!

ഇന്ന് മലയാള മനോരമയിൽ നവകേരള കാഹളം എന്ന തലക്കെട്ടിൽ കേരളം മെച്ചപ്പെടേണ്ട ഏതാനും മേഖലകളിൽ പിന്തുടരാവുന്ന ലോകത്തിലെ മറ്റു രാജ്യങ്ങളിലെ മാതൃകകൾ അവതരിപ്പിക്കുന്നുണ്ട്. 

അതിൽ എനിക്ക് ഏറ്റവും സ്ട്രൈകിംഗ് ആയി തോന്നിയത് ഫിൻലണ്ടിലെ പ്രാഥമിക വിദ്യാഭ്യാസം ആണ്. കേരളത്തിൽ പ്രൈമറി അധ്യാപകർക്ക് വേണ്ട കുറഞ്ഞ യോഗ്യത ടി ടി സി ആണ് (പ്ലസ് 2 കഴിഞ്ഞ്). എന്നാല് ഫിൻലൻഡിൽ അത് ബിരുദാനന്തര ബിരുദം ആണ്! അവിടെ 5 ലക്ഷം കുട്ടികൾക്ക് 28000 സ്കൂളുകൾ. ഇവിടെ 13 ലക്ഷം കുട്ടികൾക്ക് 7000 സ്കൂളുകൾ!

വെനീസ് മോഡൽ ടൂറിസം വികസനം, യു് കെ മോഡൽ ഉന്നത വിദ്യാഭ്യാസ ഹബ്‌, ജർമനി മോഡൽ സാങ്കേതിക വിദ്യ, അയർലൻഡ് മോഡൽ റോഡ് സുരക്ഷ, സ്വീഡനിലെ വനിതകളുടെ അവകാശം, യുഎഇ യുടെ ഡിജിറ്റൽ സേവനം, യുഎസിലെ സര്ക്കാര് സേവനം സ്വകാര്യ വഴി, സ്വിറ്റ്സർലൻഡ് പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയാണ് മറ്റ് മാതൃകകൾ അവതരിപ്പിച്ചിരിക്കുന്നത്.

Wednesday, October 31, 2012

കുട്ടികളും മുതിര്‍ന്നവരും

ഇവിടെ ഞങ്ങളുമായി അടുത്തിടപഴകുന്ന അയല്‍വാസികളില്‍ ഒരു റഷ്യന്‍ ഫാമിലിയും ഒരു പാകിസ്ഥാനി ഫാമിലിയും ഉണ്ട്. ഈ രണ്ട് ഫാമിലിയിലേയും കുട്ടികളെ ഈ സെപ്റ്റമ്പറില്‍ കെ.ജി യില്‍ ഒരേ സ്കൂളില്‍ ചേര്‍ത്തു, ഒരുമിച്ച് പോയി വരുന്നു. ഈയിടെ പാകിസ്ഥാനി സ്ത്രീ എന്റെ ഭാര്യയെ വിളിച്ച് ഒരു സങ്കടം പങ്ക് വച്ചു. റഷ്യന്‍ സ്ത്രീ പാകിസ്ഥാനി സ്ത്രീയോട് ചോദിച്ചുവത്രെ, നീ എന്തിനാണ് നിന്റെ കുട്ടിയെ ഫെനെറ്റിക്കല്‍ മുസ്ലിം ആയി വളര്‍ത്തുന്നത് എന്ന്. കാരണം എന്താണെന്ന് വച്ചാല്‍ സ്കൂളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പൊഴായിരിക്കണം ഈ പാകിസ്ഥാനി കുട്ടി റഷ്യന്‍ കുട്ടിയോട് പറഞ്ഞത്രെ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ബിസ്മി കൂട്ടണമെന്ന് (മുസ്ലിംകള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ദൈവത്തെ സ്മരിക്കുന്നതാണ്‍ ഇത്). ആ കുട്ടി വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍  ബിസ്മി കൂടിയത് കൊണ്ടാകാം ആ സ്ത്രീ അതറിഞ്ഞത്. അങ്ങിനെ ഒരു ചോദ്യം ആ പാകിസ്ഥാനി സ്ത്രീയെ വല്ലാതെ വിഷമിപ്പിച്ചു എന്ന്‍ പറയേണ്ടതില്ലല്ലോ.  താന്‍ എന്താ ചെയ്യുക എന്ന ഒരു നിസ്സഹയാവസ്ഥയിലായിരുന്നു ആ സ്ത്രീ, എങ്ങിനെ ഈ സാഹചര്യം കൈകാര്യം ചെയ്യാം എന്നൊരു ഉപദേശവും ചോദിച്ചു. 

3-4 വയസ്സുള്ള ഒരു കുട്ടി തന്റെ വീട്ടില്‍ കണ്ടത്/ചെയ്യുന്നത് നിഷകളങ്കമായി തന്റെ സുഹൃത്തിനോട് പറയുന്നത് തികച്ചും സ്വാഭാവികമാണ്. അത് വികാരപരമായും വര്‍ഗീയമായും എടുക്കുന്ന മുതിര്‍ന്നവരാണ് കുറ്റക്കാര്. ഞങ്ങള്‍ക്കും കുട്ടികള്‍ ഈ പ്രായത്തിലായിരുന്നപ്പോള്‍ ഇത് ഒരു വലിയ പ്രതിസന്ധിയായിരുന്നു. കുട്ടികള്‍ വര്‍ഗീയമായോ വേര്‍തിരിഞ്ഞോ ചിന്തിക്കാനും പാടില്ല, പക്ഷെ അവരുടെ ചുറ്റുപാടില്‍ കാണുന്ന വിവിധ വിശ്വാസ-ആചാരങ്ങളുമായി ബന്ധപ്പെട്ട  ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും വേണം. ആ പ്രായത്തില്‍ ഇവിടെയുണ്ടായ ഒരു ബ്രിട്ടീഷ് കുട്ടിയില്‍ നിന്ന് കിട്ടിയതാവണം കുട്ടികള്‍ ചില സന്ദര്‍ഭങ്ങളില്‍   'ഓഹ് ജീസസ്' എന്ന് ഉപയോഗിക്കുമായിരുന്നു. ചിലപ്പോള്‍ ഹിന്ദു കീര്‍ത്തനം പറയുമായിരുന്നു. അതൊന്നും ആ കുട്ടികളെ റിലീജ്യസ് ഫെനറ്റിക് ആയി വളര്‍ത്തിയത് കൊണ്ട് ഞങ്ങളുടെ കുട്ടികള്‍ക് പറഞ്ഞ് കൊടുത്തതാണെന്ന്‍  കരുതുന്നത് മണ്ടത്തരമല്ലേ. പിന്നെ അവരുടെ ചോദ്യങ്ങള്‍ - ധര്‍മജന്‍ അങ്കിള്‍ വരുമ്പോള്‍/കാണുമ്പോള്‍ നമസ്കാരമെന്നോ ഗുഡ് മോര്‍ണിംഗ്  എന്നൊക്കെയല്ലെ പറയുന്നത്, ശുഐബ് അങ്കിള്‍ വരുമ്പോള്‍ അസ്സലാമു അലൈകും എന്നാണല്ലോ പറയുന്നത്. അപ്പുറത്തെ അര്‍ജുന്‍ വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നില്ലല്ലോ, മൈക് വേറേ ദിവസത്തിലാണല്ലോ പള്ളിയില്‍ പോകുന്നത്, ക്ലാസിലെ ആ ഫ്രന്റ് സന്ധ്യയാകുമ്പോള്‍ വേറെയാണല്ലോ ചൊല്ലുന്നത്. അങ്ങിനെ ഒരുപാട് ചോദ്യങ്ങള്. പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ട് കാര്യമുണ്ടോ? മറ്റുള്ളവരെകുറിച്ച് പരാതി പറയുന്നതില്‍ അടിസ്ഥാനമുണ്ടോ?

വിവിധ മത വിശ്വാസികളും വിശ്വസിക്കാത്തവരും ഒക്കെ ഒരുമിച്ച് കഴിയുന്ന ഒരു സമൂഹത്തില്‍  വിവിധ പശ്ചാതലത്തില്‍ നിന്ന വരുന്ന കുട്ടികള്‍ അവരുടെ വീട്ടില്‍ നിന്ന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആചാരങ്ങ്ങ്ങളും മറ്റും നിഷ്കളങ്കമായി മറ്റൂള്ളവരുമായി പങ്ക് വെക്കുക്കയോ, അതനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മറ്റു കുട്ടികള്‍ അത് സ്വായത്തമാക്കുകയോ ചെയ്യുക തികച്ചും സ്വാഭാവികമാണ്.  ഇത്തരം ഒരു സാഹചര്യം വിവിധ മതങ്ങളെ കുറിച്ചും ആചാരങ്ങളെ കുറിച്ചും കുട്ടികള്‍ക്ക്  മനസ്സിലാക്കി കൊടുക്കാനുള്ള ഒരു അവസരമായി എടുക്കുകയാണ് വേണ്ടത്.  പക്ഷെ  അങ്ങ്ങ്ങിനെ പറഞ്ഞുകൊടുക്കുന്നതോടെ അടുത്ത പ്രശ്നം തുടങ്ങും. പിന്നെ ആരെയെങ്കിലും കണ്ടാല്‍ അത് ഹിന്ദുവാണോ, മുസ്ലിമാണോ എന്നൊക്കെ ചോദിച്ച് കളയും! പുതുതായി ഒരു കാര്യം അറിഞ്ഞതിന്റെ ഒരു കൌതുകം മാത്രമാണതെന്ന്‍ നമുക്ക് മനസ്സിലാകും , പക്ഷെ കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റിയെന്ന് വരില്ലല്ലോ. അങ്ങിനെ അവര്‍ ആരാണെന്ന് ചോദിക്കേണ്ടതില്ലെന്നും അവര്‍ ആരാണ് എന്നത നമ്മെ സംബന്ധിച്ചിടത്തോളം പ്രസക്തിയില്ലെന്നും അത് അറിയേണ്ടതില്ലെന്നും ഒക്കെ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ മെല്ലെ മെല്ലെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഇത് മതത്തിന്റെ കാര്യത്തില്‍ മാത്രമായിരുന്നില്ല. അയല്പക്കത്തെ കുട്ടികളുമായി ഇടപഴകി തുടങ്ങി അവര്‍ പലരും വിവിധ ഭാഷകള്‍ ആണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കി തുടങ്ങിയപ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അപ്പോള്‍ വിവിധ നാഷനാലിറ്റിയെ കുറിച്ചും മാതൃഭാഷയെ കുറിച്ചും ഒക്കെ പറഞ്ഞ് കൊടുത്തപ്പോള്‍ പിന്നെ ആരെ കണ്ടാലും അയാള്‍ മലയാളിയാണോ, ഇന്ത്യനാണോ, പാകിസ്ഥാനിയാണോ, ബ്രിടീഷ് ആണോ എന്ന് ചോദിക്കുമായിരുന്നു.

നാട്ടിലാകുമ്പോള്‍ ഇങ്ങിനെ ഒരു പ്രതിസന്ധിയുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ കാരണാം എന്തായിരിക്കാം? എന്റെ ഒരു നിരീക്ഷണം നാട്ടില്‍ നാമൊക്കെ മലയാളം പഠിച്ചത് പോലെ ഇത്തരം കാര്യങ്ങളും വളര്‍ന്ന് വരുമ്പോഴെ നാച്വറലായി മനസ്സില്ലാക്കുന്നു എന്നതാണ്. ഇവിടെയാകുമ്പോള്‍ അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ വളര്‍ന്ന് പിന്നെ സ്കൂളില്‍ പോയി തുടങ്ങുന്ന പ്രായത്തില്‍ മാത്രമാണ് ഇത്തരം ചുറ്റുപാടുകളുമായി ഇടപഴകാന്‍ സഹചര്യം ലഭിക്കുന്നത് എന്നതിനാലാവാം.

കുട്ടികള്‍ നിഷ്കളങ്കരാണ്‍,  അതില്‍ നമ്മളായിട്ട് മായം ചേര്‍ക്കാതിരിക്കുക.

Sunday, July 22, 2012

നമുക്കും ബിസിനസ് സംരംഭകരാകാം

നാം നിത്യേന പരാതിപ്പെടുന്ന ഓരോ കാര്യത്തിലും പ്രതിഷേധിക്കുന്ന ഓരോ സംഭവങ്ങളിലും ഒരു ബിസിനസ് സംരഭത്തിനുള്ള അവസരം ഒളിഞ്ഞ് കിടപ്പുണ്ട്. ആ സാഹചര്യം മെച്ചപ്പെടുത്താന്‍, ആ പരാതികള്‍ പരിഹരിക്കപ്പെടാന്‍ ഉതകുന്ന ബിസിനസ് അവസരങ്ങള്‍. പക്ഷെ നമുക്ക് അടിച്ച് തകര്‍ക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും മാത്രമേ അറിയൂ. ഒരു entrepreneurial spirit  നമ്മുടെ സമൂഹത്തില്‍ ഇല്ല. ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റില്‍ കയറി പറ്റി ആരെങ്കിലും റിട്ടയര്‍ ആകുന്നതും കാത്ത് ഇരിക്കാം. ഏത് പ്രശ്നത്തിലും അവസരങ്ങള്‍ കണ്ടെത്തി അത് ഉപയോഗപ്പെടുത്തി ഒരു സ്വയം സംരംഭകരാകാന്‍ നമുക്ക് കഴിയുന്നില്ല. 

കഴിഞ്ഞാഴച ഉണ്ടായ രണ്ട് റിപ്പോര്‍ട്ടുകള്‍ - ഒന്ന് ഹോട്ടലിലെ വൃത്തിഹീനമായ, പഴകിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷഭാധയേറ്റ് ഒരാള്‍ മരിച്ച സംഭവം. മറ്റൊന്ന് കാര്‍ഷികോത്പന്നങ്ങള്‍ വില്ക്കാന്‍ കഴിയാതെ, അര്‍ഹമായ വില ലഭിക്കാതെ കര്‍ഷകര്‍തന്നെ അവ നശിപ്പിക്കേണ്ടി വരുന്ന വാര്‍ത്ത. ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന റെയ്ഡില്‍ വ്യാപകമായി പഴകിയ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പിടിക്കപ്പെടുകയും കുറേ ഹോട്ടലുകള്‍ അടപ്പിക്കുകയും ചെയ്തു. ഇവിടെ വളരെ സുതാര്യമായി അടുക്കള കസ്റ്റമര്‍ കാണുന്ന രീതിയില്‍ വൃത്തിയോടെ കഫെറ്റേരിയകളും റെസ്റ്റ്രോന്റും തുടങ്ങാന്‍ ചെറുപ്പക്കാര്‍ മുന്നോട്ട് വന്നാല്‍ അത് ഒരു നല്ല ബിസിനസ് അവസരമല്ലേ. നഗരങ്ങളില്‍ പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില ആയിരിക്കുമ്പോഴും കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കാതെ ഉത്പന്നങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ അവയുടെ വിപണനത്തിനുള്ള അടിസ്ഥാന സൌകര്യമേഖലയില്‍ അവസരങ്ങള്‍ ഉണ്ടെന്നല്ലേ അതിനര്‍ഥം. സര്‍ക്കാര്‍ ഏജന്‍സികള്‍ മാര്‍ക്കറ്റിങ്ങ് ഏറ്റെടുക്കാന്‍ കാത്ത് നില്‍കാതെ എന്ത് കൊണ്ട് നമ്മുടെ ഇടയിലെ ചെറുപ്പക്കാര്‍ക്ക് ഈ അവസരം കണ്ടെത്തി സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുന്നില്ല. വളരെ ഭാരിച്ച മുതല്‍മുടക്ക് കൂടാതെ തന്നെ വളരെ ചെറിയ രീതിയില്‍ തുടങ്ങി വികസിപ്പിച്ചെടുക്കാന്‍ പറ്റിയ എത്ര എത്ര അവസരങ്ങള്‍ നാം കാണാതെ പോകുന്നു. ഇങ്ങിനെ തുടങ്ങുന്ന ചെറിയ ചെറിയ സംരംഭങ്ങള്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഏറ്റവും ഗുണപരമായ പങ്കാണ് വഹിക്കുന്നത്. തൊഴിലിന്‍ വേണ്ടി കാത്ത് നില്‍കാതെ തൊഴില്‍ നല്‍കുന്നവരാ‍കാന്‍ ഓരോ ചെറുപ്പക്കാരനും കഴിയും. പല ബിസിനസ് സംരംഭങ്ങളും തുടങ്ങിയത് ഇത് പോലെ സമൂഹത്തിലെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ വേണ്ടിയാണ്. നീഡ് ബേസ്ഡ് ചെറു സംരംഭങ്ങള്‍ തുടങ്ങാന്‍, നമുക്ക് ചുറ്റിലും നാം ആഗ്രഹിക്കുന്ന മാറ്റം ഉണ്ടാകാന്‍ നാം തന്നെ സംരംഭകരായി ഇറങ്ങാന്‍ തയ്യാറാകണം.  

Thursday, July 21, 2011

അവധിക്കാലത്തെ കാല്‍നട വിശേഷങ്ങള്‍

ഇപ്രാവശ്യം നാട്ടില്‍ പോയാല്‍ വാടകയ്ക്ക് കാറ് എടുക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. കാറുണ്ടായാല്‍ നാട്ടില്‍ പോയതിന്റെ ഒരു ഇഫക്റ്റ് കിട്ടുന്നില്ല. വീട്ടില്‍ നിന്ന് ഇറങ്ങി വണ്ടിയെടുത്ത് എത്തേണ്ടിടത്ത് ഇറങ്ങി തിരിച്ച് വന്ന് - എന്തോ ഒരു കുറവുണ്ട്. നാടുമായി ഒന്നു അടുത്തിടപെടാന്‍ കഴിയില്ല. എപ്പോഴും കരുതും അടുത്ത തവണ വണ്ടി എടുക്കില്ലെന്ന്, പക്ഷെ സാധിക്കില്ല. ഇപ്രാവശ്യം അത് നടപ്പിലാക്കി.

എന്റെ ഗ്രാമത്തില്‍നിന്ന് അടുത്ത ടൌണിലേക്ക് രണ്ട് കിലോമീറ്റര്‍ ഉണ്ട്. നടക്കാം അല്ലെങ്കില്‍ ആട്ടോ പിടിക്കാം. വന്നതിന്റെ പിറ്റേന്ന് തന്നെ മകനുമായി നടന്നപ്പോ വഴിയിലും  റോഡിനരികിലെ വീടുകളില്‍ പുറത്തിരിക്കുന്നവരേയും കണ്ടു,  സുഖാന്വേഷണങ്ങള്‍ കൈമാറി, കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞു. വളരെ സന്തോഷം തോന്നി. പ്രായമായവരാണ് കണ്ടവരില്‍ കൂടുതലും. പത്ത്-പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വളര്‍ന്ന ചെറുപ്പക്കാരെ വലിയ പരിചയമില്ല. സമപ്രായക്കാരായവര്‍ മിക്കവരും നാട്ടിലില്ല.

റോഡരികില്‍ നിന്നും ഒരു ദൃശ്യം
നടക്കുമ്പോള്‍ മകന് നാട്ടിനെ കുറിച്ചും, വയലുകളെകുറിച്ചും, മരങ്ങളെകുറിച്ചും, പക്ഷികളെകുറിച്ചും ഒക്കെ പറഞ്ഞ് കൊടുക്കാന്‍ പറ്റി. കൂടെ ഓര്‍മകള്‍ അയവിറക്കലുമായി.

അല്പം നടന്നപ്പോള്‍ ദേവി ടീച്ചറെ കിട്ടി കൂടെ നടക്കാന്‍. വിഷേശങ്ങള്‍ പറഞ്ഞ് നടക്കവെ കുറച്ച് കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ നിന്ന് വന്ന ഒരു സുഹൃത്ത് കാറുമായി അത് വഴി വന്നു. ഞങ്ങള്‍ നടക്കുന്നത് കണ്ട് അവന്‍ വണ്ടി നിര്‍ത്തി. പിന്നെ അതില്‍ കയറുകയല്ലാതെ വേറെ വഴിയില്ല. അത്ര അഹങ്കാരം വേണ്ടല്ലേ. 

നാട്ടിന്‍പുറത്തിലൂടെയുള്ള നടത്തം, ബസ്സില്‍ യാത്ര, ബസ് സ്റ്റാന്‍ഡ്, ആട്ടോ അങ്ങിനെ സ്വകാര്യ വാഹനം ഇല്ലെങ്കില്‍ അത് ഒരു ഹരമാണ്. ഇതിനിടയില്‍ പല അനുഭവങ്ങള്‍ - ആശങ്കകളും പ്രതീക്ഷകളും തരുന്ന സമ്മിശ്ര അനുഭവങ്ങള്‍. കുട്ടികളേയും കൂട്ടി ട്രെയിനില്‍ യാത്ര ചെയ്യണമെന്ന പ്ലാന്‍ മാത്രം നടന്നില്ല.

ഗള്‍ഫ്കാരന്‍ നാട്ടില്‍ വരുമ്പോള്‍ സ്വന്തമായോ വാടകയ്ക്കോ ഒരു വണ്ടി എടുത്തിരിക്കണമെന്നത് നാട്ടില്‍ ഇപ്പോള്‍ ഒരു അലിഖിത നിയമമായിട്ടുണ്ട്.  അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് വലിയ വിഷമമാണ്. ചിലര്‍ സഹതാപത്തോടെ നോക്കും, ചിലര്‍ പുഛത്തോടെയും. ചിലര്‍  നേരിട്ട് ചോദിക്കുകയും ചെയ്യും. ശരിക്കും നല്ല ഗഡ്സ് വേണം.

Wednesday, July 20, 2011

ഗ്രീന്‍ ബില്‍ഡിങ്ങ്: മനോഭാവം മാറണം

സുസ്ഥിര വികസനം (sustainable development), ഗ്രീന്‍ ബില്‍ഡിങ്ങ് (Green Building) എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷെ അത് വെറും മാധ്യമങ്ങളില്‍ മാത്രമാണ്, നമ്മുടെ നാട്ടില്‍ ഇത് പ്രായോഗിക തലത്തില്‍ എത്താന്‍ ഇനിയും കാലമെടുക്കും എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് തോന്നുന്നത്.

നിര്‍മ്മാണ വസ്തുക്കളുടെ പുനരുപയോഗവും പ്രാദേശികമായി ലഭ്യമായ നിര്‍മ്മാണവസ്തുക്കളുടെ ഉപയോഗവും ഗ്രീന്‍ ബില്‍ഡിങ്ങ് തത്വങ്ങളില്‍ വളരെ പ്രാധാനപ്പെട്ടതാണ്. വീടെടുക്കുന്ന ഉടമസ്ഥന്‍ മനസ്സ് വെച്ചാല്‍ മാത്രം പോരാ പണി എടുക്കുന്നവര്‍ക്കും എടുപ്പിക്കുന്നവര്‍ക്കും അതിന്റെ ബോധം വേണം, മനോഭാവം മാറണം എന്ന് എന്റെ അനുഭവം അടിവരയിടുന്നു.  പഴയ തറവാട് പൊളിച്ചാണ് ഞാന്‍ വീട് പണി തുടങ്ങിയത്. തറവാട് പൊളിച്ചപ്പോള്‍ കവുക്കോല്‍, വണ്ണം കൂടിയ കട്ടിളകളും വാതിലുകളുമൊക്കെയായി മോശമല്ലാത്ത തടികള്‍ ഉണ്ടായിരുന്നു. പുതിയ വീടിന് കട്ടിളയും ജനലും ഉണ്ടാക്കാന്‍ ആവശ്യമായ മരം അതില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ആശാരിയെ കൊണ്ട് വന്നാപ്പോള്‍ ഒരു കാര്യം മനസ്സിലായി അയാള്‍ക്ക് പരമാവധി പഴയ മരം എടുക്കുന്നത് ഒഴിവാക്കാനാണ് താത്പര്യം എന്ന്. പഴയ മരം ഉപയോഗിക്കുന്നത് വഴി എത്ര മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കാന്‍ പറ്റുമെന്ന് ചിന്തിച്ചിരുന്നെങ്കില്‍! ഈ പഴയ മരങ്ങള്‍ പാഴായി പോകില്ല എന്ന് ചിന്തിച്ചിരുന്നെങ്കില്! പഴ വീടിന്റെ വരാന്തയുടെ കവുക്കോല്‍ കൊണ്ട് മാത്രം പുതിയ പുരയുടെ വരാന്ത കവുക്കോലും ഓടുമാക്കാമായിരുന്നു. ഞാന്‍ എന്റെ പ്ലാന്‍ ഉണ്ടാക്കിയത് പോലും അതിന്‍ പറ്റുന്ന വിധത്തിലായിരുന്നു. പക്ഷെ മേസ്തിരിക്ക് അത് ശരിയാവില്ല എന്ന് പറയാനേ കഴിഞ്ഞുള്ളൂ. കുഴിനാട്ടയ്ക്ക് മതിയായ കാട്ട്കല്ല് (പാറ) സൈറ്റില്‍ തന്നെ ലഭ്യമാണ്. പക്ഷെ അതുപയോഗിക്കുന്നതിലും കുറെ എക്സ്ക്യൂസസ് ആണ്. 

അങ്ങിനെ പുനരുപയോഗിക്കാവുന്ന മരങ്ങള്‍ ഉണ്ടായിട്ടും പുതിയ മരങ്ങള്‍ വാങ്ങണം, പ്രാദേശികമെന്നല്ല സൈറ്റില്‍ തന്നെ ലഭ്യമായ പാറ കല്ലുകള്‍ ഉണ്ടായിട്ടും  കുഴിനാട്ടയിടാന്‍ ‘സെക്കന്റ് ചെത്ത് കല്ല്’ (അങ്ങിനെയാണ് അതിന്‍ പറയുന്നത്) വാങ്ങണം.

എനിക്കും തെറ്റുപറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. തുടക്കത്തില്‍ ഞാനും ഇക്കാര്യമൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇങ്ങിനെയൊക്കെയാണ് നാട്ടിലെ കാര്യങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ ഞാനും വൈകി. അല്ലെങ്കില്‍ പ്രൊജക്ട് മാനേജറെ തെരഞ്ഞെടുക്കുന്ന അവസരത്തില്‍ തന്നെ  കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തുമായിരുന്നു. പക്ഷെ പ്രൊജക്ട് മാനേജരില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത് എന്നത് മറ്റൊരു കാര്യം. മരപ്പണിക്കാരും, കല്‍പണിക്കാരും എന്ന് വേണ്ട കെട്ടിട നിര്‍മ്മാണത്തിന്റെ ഓരോ സ്റ്റേജിലും ഏര്‍പ്പെടുന്ന പണിക്കാരും കോണ്ട്രാക്ടര്‍മാരും അവരുടെ മനോഭാവം മാറ്റുകയും പുതിയ കാര്യങ്ങള്‍ പഠിക്കുവാനും മാറുന്ന പാരിസ്ഥിതിക സാമൂഹിക അവസ്ഥകള്‍ മനസ്സിലാക്കുവാനും തയ്യാറാകിടത്തോളം ഇതിന്‍ മാറ്റം ഉണ്ടാകുകയില്ല.

യഥാര്‍ത്ഥില്‍ ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്കാണ് അവരുടെ ക് ളൈന്റിനെ മാറുന്ന സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കേണ്ട ഉത്തരവാദിത്തം. പക്ഷെ അവര്‍തന്നെ ഇങ്ങിനെയായാലോ?

ടൊയ്ലറ്റും സെക്യൂരിറ്റിയും പിന്നെ ഫോട്ടൊയും

കണ്ണൂര്‍ ടൌണില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന മകന് മൂത്രശങ്ക. വീട്ടിലെത്തുന്നത് വരെ നീട്ടി വെക്കാന്‍ പറഞ്ഞപ്പോള്‍ ഒരു രക്ഷയുമില്ല. അടുത്ത് കണ്ട ഒരു പെട്രോള്‍ സ്റ്റേഷനില്‍ തീരെ പതിവില്ലാത്ത വിധം ഭംഗിയായി ഒരു ബോര്‍ഡില്‍ റ്റൊയ്ലെറ്റ് എന്ന് എഴുതിയത് കണ്ട് അവിടെ കയറാം എന്ന് കരുതി. പക്ഷെ ഒരു വാതില്‍ കാണാത്തതിനാല്‍ അവിടെ കണ്ട ഒരു സെക്യൂരിറ്റിയോട് ചോദിച്ചു. പക്ഷെ ഒരു അക്രോഷമായിരുന്നു മറുപടി - ‘ഞാന്‍ ടൊയ്ലെറ്റിന്റെ ആളല്ല’. എന്തോ ടൊയ്ലറ്റിലേക്കുള്ള വഴി ചോദിച്ചത് അദ്ധേഹത്തിന്റെ അഭിമാനത്തിന് ക്ഷതം ഏല്പിച്ചെന്ന് തോന്നുന്നു! അയാളോട് സംസാരിച്ച് കൊണ്ടിരുന്ന ആള്‍ എന്നോട് സൌമ്യനായി പറഞ്ഞു ആ പെട്രോള്‍ സ്റ്റേഷന്‍ അറ്റന്‍ഡറൊഡ് അന്വേഷിക്കാന്‍.

"കുട്ടിക്കാണോ അതാ അവ്ടെ ഒഴിച്ചോളൂ, റ്റൊയ്ലെറ്റ് തുറക്കാന്‍ ബുദ്ധിമുട്ടാണ് "- അവിടെയുള്ള കെട്ടിടത്തിനെ വശത്ത് ഒരു ഓപണ്‍ സ്പേയ്സ് ചൂണ്ടിയാണ് അയാള്‍ പറഞ്ഞത്. നമ്മുടെ നാട്ടിന്റെ ഒരു കാര്യം! 


നല്ലൊരു ടൊയ്ലറ്റ് ഉണ്ടായിട്ടും, മൂത്രമൊഴിക്കാന്‍ കാണിച്ച് തന്ന ഓപണ്‍ സ്പേയ്സ്. ഈ ഫോട്ടോ സെക്യൂരിറ്റി ഇഷ്യുവൊന്നും ഉണ്ടാക്കില്ലെന്ന് കരുതാം.
വേറെ വഴിയില്ല. മകനോട് അവിടെ ഒഴിക്കാന്‍ പറഞ്ഞു. ഒരു കൌതുകം തോന്നിയതിനാല്‍ ആ ഇടത്തിന്റെ ഒരു ഫോട്ടൊ എടുത്തു. പിന്നെ ഭംഗിയായി ടൊയ്ലെറ്റ് എന്ന് എഴുതിയ ബോര്‍ഡിന്റെയും ഒരു ഫോട്ടോ എടുത്തു ഞാന്‍ അവിടെ നിന്നും ഇറങ്ങി റോഡിന്റെ അരികില്‍ നില്ക്കുമ്പോള്‍ ആ സെക്യൂരിറ്റി വന്ന് എന്റെ കൈക്ക് പിടിച്ച് ഫോട്ടോ എടുത്തോ എന്ന് ചോദിച്ചുകൊണ്ട് റോഡിനരികില്‍ നിന്ന് പെട്രോള്‍ സ്റ്റേഷന്റെ കോമ്പൌണ്ടിലേക്ക് കയറി. പോലീസിനെ വിളിക്കുകയാണെന്ന് പറഞ്ഞ് അയാള്‍ ഫോണില്‍ നമ്പറടിക്കാന്‍ തുടങ്ങി. ചേട്ടാ കാര്യമെന്താണെന്ന് പറയൂ എന്നിട്ട് പോലിസിനെ വിളിച്ചാല്‍ പോരെ എന്ന് ഞാനും പറഞ്ഞു. ആ ടൊയ്ലെറ്റിനോട് ചേര്‍ന്ന് ഒരു എ.ടി.എം ഉണ്ട് അവിടുത്തെ സെക്യൂരിറ്റിയാണ് ഇയാള്‍. എ.ടി.എമ്മിന്റെ ഫോട്ടോയാണ് നിങ്ങള്‍ എടുത്തത്, ഇവിടെ പലതും നടക്കുന്നുണ്ട് എന്നൊക്കെ അയാള്‍ ചൂടായി പറഞ്ഞു.  ചേട്ടാ അങ്ങിനെയെങ്കില്‍ അത് പറഞ്ഞാല്‍ പോരെ ഞാന്‍ അത് ഡിലീറ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് ഞാന്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ടൊയ്ലെറ്റിന്റെ വഴി ചോദിച്ചതിന് ചേട്ടന്‍ എന്തിനാ ചൂടായത് എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ മറുപടിയൊന്നും പറയാതെ പോയി. 

പിന്നെയാണ് അതിന്റെ ക്ലൈമാക്സ്. സെക്യൂരിറ്റിക്കാരന്‍ പോയ ഉടനെ രണ്ട് ചെറുപ്പക്കാര്‍ എന്റെടുത്ത് വന്നു എന്താണെന്ന് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. പിന്നെ അവര്‍ ചൂടാകന്‍ തുടങ്ങി - അത്രയെ ഉള്ളൂ, അതിനാണോ അയാള്‍ നിന്റെ കൈയില്‍ പിടിച്ചത്.  ഞങ്ങള്‍ കരുതി നീ എ.ടി.എമ്മില്‍ എന്തെങ്കിലും തട്ടിപ്പ് നടത്തിയിട്ടാണ് എന്ന്. നീ എന്തിനാണ്‍ അങ്ങിനെ വെറുതെ വിട്ടത്. വാ നമുക്ക് ചോദിക്കാം. ഞാന്‍ പറഞ്ഞു വിട്ടേക്ക് - കുഴപ്പമില്ല. പക്ഷെ അവര്‍ വിടാന്‍ ഭാവമില്ല. എന്നല്‍ ഞങ്ങള്‍ പോയി ചോദിക്കും എന്ന് പറഞ്ഞു അവര്‍ അയാളുടെ അടുത്തേക്ക് ചെന്നു.

അവര്‍ അയാളോട് വല്ലാതെ ചൂടാവുന്നുണ്ട്. പിന്നെ ഞാന്‍ അങ്ങോട്ട് ചെന്നു. അയാള്‍ ന്യായികരിക്കാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ അവര്‍ വിടുന്നില്ല. ഒരു കുട്ടിയുമായി പോകുന്ന ആളോട് ഇങ്ങിനെയാണോ പെരുമാറുന്നത്, കുറച്ച് കൂടി മാന്യമായി പെരുമാറിക്കൂടെ. നിങ്ങള്‍ ഫെഡറല്‍ ബാങ്കിന്റെ മാത്രം സെക്യൂരിറ്റിയാണ് അല്ലാതെ കണ്ണൂര്‍ ടൌണിന്റെ മൊത്തം സെക്യൂരിറ്റിയാവണ്ട, ഇത് കണ്ണൂരാണ് എന്നൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. അവസാനം നിങ്ങളുടെ പേരെന്താണ് ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടേ എന്നൊക്കെ അവര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ സെക്യൂരിക്കാരന്‍ മെല്ലെ പിന്‍-വലിയാന്‍ ശ്രമിക്കുന്നത് കണ്ടു. അവസാനം ഞാന്‍ അവരെ സമാധാനിപ്പിച്ച് അവിടെ നിന്ന് കൊണ്ട് പോയി.

ഞാന്‍ അവരെ പരിചയപ്പെടാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ കൂടുതല്‍ പരിചയപ്പെടാന്‍ താത്പര്യം കാണിച്ചില്ല. പിന്നെ എനിക്ക് കുറച്ച് ഉപദേശവും - “അങ്ങിനെ പേടിക്കേണ്ടതില്ല, ഇവിടെ നാട്ടുകാരില്ലെ. നിങ്ങളുടെ കൈയില്‍ അങ്ങിനെ പിടിച്ച് നടക്കുമ്പോള്‍ കാണുന്നവര്‍ എന്താണ് കരുതുക. ഞങ്ങള്‍ കരുതിയത് നിങ്ങള്‍ എ.ടി.എമ്മില്‍ എന്തെങ്കിലും   തട്ടിപ്പ് നടത്തി എന്നാണ്. അങ്ങിനെയല്ലേ എല്ലാവരും കരുതുക. നിങ്ങളുടെ കൂടെ ഒരു കുട്ടിയുമില്ലേ. ഞങ്ങള്‍ ശരിക്കു വിഷമമായി അത്കൊണ്ടാണ് ഞങ്ങള്‍ ചോദിച്ചത്“.  ശരിക്കും പറഞ്ഞാല്‍ ഇതിന്‍ അങ്ങിനെയും ഒരു മാനമുണ്ടെന്ന് അപ്പോഴാണ് ഞാന്‍ ചിന്തിച്ചത്.

ഇപ്പോഴും ഞാന്‍ കണ്‍ഫ്യൂഷനിലാണ് ആരാണ്‍ ശരി, ആരണ് തെറ്റ്! നിങ്ങള്‍ക്കെന്ത് തോന്നുന്നു?

അയാള്‍ അയാളുടെ ജോലി ചെയ്തതാകാം. പക്ഷെ പൊതുജനങ്ങളോട് ഇടപഴകേണ്ട ഒരു ജോലിയാകുമ്പോള്‍ കുറച്ച് കൂടി മര്യാദ ആവാമായിരുന്നു. എങ്ങിനെ സംസാരിക്കണം എങ്ങിനെ ഇടപെടണം എന്നതിനെ കുറിച്ച് ഒരു മിനിമം പരിശീലനമെങ്കിലും ബാങ്കായാലും സെക്യൂരിറ്റി ഏജന്‍സി ആയാലും നല്‍കേണ്ടതാണ്.