Sunday, July 22, 2012

നമുക്കും ബിസിനസ് സംരംഭകരാകാം

നാം നിത്യേന പരാതിപ്പെടുന്ന ഓരോ കാര്യത്തിലും പ്രതിഷേധിക്കുന്ന ഓരോ സംഭവങ്ങളിലും ഒരു ബിസിനസ് സംരഭത്തിനുള്ള അവസരം ഒളിഞ്ഞ് കിടപ്പുണ്ട്. ആ സാഹചര്യം മെച്ചപ്പെടുത്താന്‍, ആ പരാതികള്‍ പരിഹരിക്കപ്പെടാന്‍ ഉതകുന്ന ബിസിനസ് അവസരങ്ങള്‍. പക്ഷെ നമുക്ക് അടിച്ച് തകര്‍ക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും മാത്രമേ അറിയൂ. ഒരു entrepreneurial spirit  നമ്മുടെ സമൂഹത്തില്‍ ഇല്ല. ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റില്‍ കയറി പറ്റി ആരെങ്കിലും റിട്ടയര്‍ ആകുന്നതും കാത്ത് ഇരിക്കാം. ഏത് പ്രശ്നത്തിലും അവസരങ്ങള്‍ കണ്ടെത്തി അത് ഉപയോഗപ്പെടുത്തി ഒരു സ്വയം സംരംഭകരാകാന്‍ നമുക്ക് കഴിയുന്നില്ല. 

കഴിഞ്ഞാഴച ഉണ്ടായ രണ്ട് റിപ്പോര്‍ട്ടുകള്‍ - ഒന്ന് ഹോട്ടലിലെ വൃത്തിഹീനമായ, പഴകിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷഭാധയേറ്റ് ഒരാള്‍ മരിച്ച സംഭവം. മറ്റൊന്ന് കാര്‍ഷികോത്പന്നങ്ങള്‍ വില്ക്കാന്‍ കഴിയാതെ, അര്‍ഹമായ വില ലഭിക്കാതെ കര്‍ഷകര്‍തന്നെ അവ നശിപ്പിക്കേണ്ടി വരുന്ന വാര്‍ത്ത. ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന റെയ്ഡില്‍ വ്യാപകമായി പഴകിയ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പിടിക്കപ്പെടുകയും കുറേ ഹോട്ടലുകള്‍ അടപ്പിക്കുകയും ചെയ്തു. ഇവിടെ വളരെ സുതാര്യമായി അടുക്കള കസ്റ്റമര്‍ കാണുന്ന രീതിയില്‍ വൃത്തിയോടെ കഫെറ്റേരിയകളും റെസ്റ്റ്രോന്റും തുടങ്ങാന്‍ ചെറുപ്പക്കാര്‍ മുന്നോട്ട് വന്നാല്‍ അത് ഒരു നല്ല ബിസിനസ് അവസരമല്ലേ. നഗരങ്ങളില്‍ പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില ആയിരിക്കുമ്പോഴും കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കാതെ ഉത്പന്നങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ അവയുടെ വിപണനത്തിനുള്ള അടിസ്ഥാന സൌകര്യമേഖലയില്‍ അവസരങ്ങള്‍ ഉണ്ടെന്നല്ലേ അതിനര്‍ഥം. സര്‍ക്കാര്‍ ഏജന്‍സികള്‍ മാര്‍ക്കറ്റിങ്ങ് ഏറ്റെടുക്കാന്‍ കാത്ത് നില്‍കാതെ എന്ത് കൊണ്ട് നമ്മുടെ ഇടയിലെ ചെറുപ്പക്കാര്‍ക്ക് ഈ അവസരം കണ്ടെത്തി സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുന്നില്ല. വളരെ ഭാരിച്ച മുതല്‍മുടക്ക് കൂടാതെ തന്നെ വളരെ ചെറിയ രീതിയില്‍ തുടങ്ങി വികസിപ്പിച്ചെടുക്കാന്‍ പറ്റിയ എത്ര എത്ര അവസരങ്ങള്‍ നാം കാണാതെ പോകുന്നു. ഇങ്ങിനെ തുടങ്ങുന്ന ചെറിയ ചെറിയ സംരംഭങ്ങള്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഏറ്റവും ഗുണപരമായ പങ്കാണ് വഹിക്കുന്നത്. തൊഴിലിന്‍ വേണ്ടി കാത്ത് നില്‍കാതെ തൊഴില്‍ നല്‍കുന്നവരാ‍കാന്‍ ഓരോ ചെറുപ്പക്കാരനും കഴിയും. പല ബിസിനസ് സംരംഭങ്ങളും തുടങ്ങിയത് ഇത് പോലെ സമൂഹത്തിലെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ വേണ്ടിയാണ്. നീഡ് ബേസ്ഡ് ചെറു സംരംഭങ്ങള്‍ തുടങ്ങാന്‍, നമുക്ക് ചുറ്റിലും നാം ആഗ്രഹിക്കുന്ന മാറ്റം ഉണ്ടാകാന്‍ നാം തന്നെ സംരംഭകരായി ഇറങ്ങാന്‍ തയ്യാറാകണം.