Wednesday, October 31, 2012

കുട്ടികളും മുതിര്‍ന്നവരും

ഇവിടെ ഞങ്ങളുമായി അടുത്തിടപഴകുന്ന അയല്‍വാസികളില്‍ ഒരു റഷ്യന്‍ ഫാമിലിയും ഒരു പാകിസ്ഥാനി ഫാമിലിയും ഉണ്ട്. ഈ രണ്ട് ഫാമിലിയിലേയും കുട്ടികളെ ഈ സെപ്റ്റമ്പറില്‍ കെ.ജി യില്‍ ഒരേ സ്കൂളില്‍ ചേര്‍ത്തു, ഒരുമിച്ച് പോയി വരുന്നു. ഈയിടെ പാകിസ്ഥാനി സ്ത്രീ എന്റെ ഭാര്യയെ വിളിച്ച് ഒരു സങ്കടം പങ്ക് വച്ചു. റഷ്യന്‍ സ്ത്രീ പാകിസ്ഥാനി സ്ത്രീയോട് ചോദിച്ചുവത്രെ, നീ എന്തിനാണ് നിന്റെ കുട്ടിയെ ഫെനെറ്റിക്കല്‍ മുസ്ലിം ആയി വളര്‍ത്തുന്നത് എന്ന്. കാരണം എന്താണെന്ന് വച്ചാല്‍ സ്കൂളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പൊഴായിരിക്കണം ഈ പാകിസ്ഥാനി കുട്ടി റഷ്യന്‍ കുട്ടിയോട് പറഞ്ഞത്രെ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ബിസ്മി കൂട്ടണമെന്ന് (മുസ്ലിംകള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ദൈവത്തെ സ്മരിക്കുന്നതാണ്‍ ഇത്). ആ കുട്ടി വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍  ബിസ്മി കൂടിയത് കൊണ്ടാകാം ആ സ്ത്രീ അതറിഞ്ഞത്. അങ്ങിനെ ഒരു ചോദ്യം ആ പാകിസ്ഥാനി സ്ത്രീയെ വല്ലാതെ വിഷമിപ്പിച്ചു എന്ന്‍ പറയേണ്ടതില്ലല്ലോ.  താന്‍ എന്താ ചെയ്യുക എന്ന ഒരു നിസ്സഹയാവസ്ഥയിലായിരുന്നു ആ സ്ത്രീ, എങ്ങിനെ ഈ സാഹചര്യം കൈകാര്യം ചെയ്യാം എന്നൊരു ഉപദേശവും ചോദിച്ചു. 

3-4 വയസ്സുള്ള ഒരു കുട്ടി തന്റെ വീട്ടില്‍ കണ്ടത്/ചെയ്യുന്നത് നിഷകളങ്കമായി തന്റെ സുഹൃത്തിനോട് പറയുന്നത് തികച്ചും സ്വാഭാവികമാണ്. അത് വികാരപരമായും വര്‍ഗീയമായും എടുക്കുന്ന മുതിര്‍ന്നവരാണ് കുറ്റക്കാര്. ഞങ്ങള്‍ക്കും കുട്ടികള്‍ ഈ പ്രായത്തിലായിരുന്നപ്പോള്‍ ഇത് ഒരു വലിയ പ്രതിസന്ധിയായിരുന്നു. കുട്ടികള്‍ വര്‍ഗീയമായോ വേര്‍തിരിഞ്ഞോ ചിന്തിക്കാനും പാടില്ല, പക്ഷെ അവരുടെ ചുറ്റുപാടില്‍ കാണുന്ന വിവിധ വിശ്വാസ-ആചാരങ്ങളുമായി ബന്ധപ്പെട്ട  ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും വേണം. ആ പ്രായത്തില്‍ ഇവിടെയുണ്ടായ ഒരു ബ്രിട്ടീഷ് കുട്ടിയില്‍ നിന്ന് കിട്ടിയതാവണം കുട്ടികള്‍ ചില സന്ദര്‍ഭങ്ങളില്‍   'ഓഹ് ജീസസ്' എന്ന് ഉപയോഗിക്കുമായിരുന്നു. ചിലപ്പോള്‍ ഹിന്ദു കീര്‍ത്തനം പറയുമായിരുന്നു. അതൊന്നും ആ കുട്ടികളെ റിലീജ്യസ് ഫെനറ്റിക് ആയി വളര്‍ത്തിയത് കൊണ്ട് ഞങ്ങളുടെ കുട്ടികള്‍ക് പറഞ്ഞ് കൊടുത്തതാണെന്ന്‍  കരുതുന്നത് മണ്ടത്തരമല്ലേ. പിന്നെ അവരുടെ ചോദ്യങ്ങള്‍ - ധര്‍മജന്‍ അങ്കിള്‍ വരുമ്പോള്‍/കാണുമ്പോള്‍ നമസ്കാരമെന്നോ ഗുഡ് മോര്‍ണിംഗ്  എന്നൊക്കെയല്ലെ പറയുന്നത്, ശുഐബ് അങ്കിള്‍ വരുമ്പോള്‍ അസ്സലാമു അലൈകും എന്നാണല്ലോ പറയുന്നത്. അപ്പുറത്തെ അര്‍ജുന്‍ വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നില്ലല്ലോ, മൈക് വേറേ ദിവസത്തിലാണല്ലോ പള്ളിയില്‍ പോകുന്നത്, ക്ലാസിലെ ആ ഫ്രന്റ് സന്ധ്യയാകുമ്പോള്‍ വേറെയാണല്ലോ ചൊല്ലുന്നത്. അങ്ങിനെ ഒരുപാട് ചോദ്യങ്ങള്. പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ട് കാര്യമുണ്ടോ? മറ്റുള്ളവരെകുറിച്ച് പരാതി പറയുന്നതില്‍ അടിസ്ഥാനമുണ്ടോ?

വിവിധ മത വിശ്വാസികളും വിശ്വസിക്കാത്തവരും ഒക്കെ ഒരുമിച്ച് കഴിയുന്ന ഒരു സമൂഹത്തില്‍  വിവിധ പശ്ചാതലത്തില്‍ നിന്ന വരുന്ന കുട്ടികള്‍ അവരുടെ വീട്ടില്‍ നിന്ന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആചാരങ്ങ്ങ്ങളും മറ്റും നിഷ്കളങ്കമായി മറ്റൂള്ളവരുമായി പങ്ക് വെക്കുക്കയോ, അതനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മറ്റു കുട്ടികള്‍ അത് സ്വായത്തമാക്കുകയോ ചെയ്യുക തികച്ചും സ്വാഭാവികമാണ്.  ഇത്തരം ഒരു സാഹചര്യം വിവിധ മതങ്ങളെ കുറിച്ചും ആചാരങ്ങളെ കുറിച്ചും കുട്ടികള്‍ക്ക്  മനസ്സിലാക്കി കൊടുക്കാനുള്ള ഒരു അവസരമായി എടുക്കുകയാണ് വേണ്ടത്.  പക്ഷെ  അങ്ങ്ങ്ങിനെ പറഞ്ഞുകൊടുക്കുന്നതോടെ അടുത്ത പ്രശ്നം തുടങ്ങും. പിന്നെ ആരെയെങ്കിലും കണ്ടാല്‍ അത് ഹിന്ദുവാണോ, മുസ്ലിമാണോ എന്നൊക്കെ ചോദിച്ച് കളയും! പുതുതായി ഒരു കാര്യം അറിഞ്ഞതിന്റെ ഒരു കൌതുകം മാത്രമാണതെന്ന്‍ നമുക്ക് മനസ്സിലാകും , പക്ഷെ കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റിയെന്ന് വരില്ലല്ലോ. അങ്ങിനെ അവര്‍ ആരാണെന്ന് ചോദിക്കേണ്ടതില്ലെന്നും അവര്‍ ആരാണ് എന്നത നമ്മെ സംബന്ധിച്ചിടത്തോളം പ്രസക്തിയില്ലെന്നും അത് അറിയേണ്ടതില്ലെന്നും ഒക്കെ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ മെല്ലെ മെല്ലെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഇത് മതത്തിന്റെ കാര്യത്തില്‍ മാത്രമായിരുന്നില്ല. അയല്പക്കത്തെ കുട്ടികളുമായി ഇടപഴകി തുടങ്ങി അവര്‍ പലരും വിവിധ ഭാഷകള്‍ ആണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കി തുടങ്ങിയപ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അപ്പോള്‍ വിവിധ നാഷനാലിറ്റിയെ കുറിച്ചും മാതൃഭാഷയെ കുറിച്ചും ഒക്കെ പറഞ്ഞ് കൊടുത്തപ്പോള്‍ പിന്നെ ആരെ കണ്ടാലും അയാള്‍ മലയാളിയാണോ, ഇന്ത്യനാണോ, പാകിസ്ഥാനിയാണോ, ബ്രിടീഷ് ആണോ എന്ന് ചോദിക്കുമായിരുന്നു.

നാട്ടിലാകുമ്പോള്‍ ഇങ്ങിനെ ഒരു പ്രതിസന്ധിയുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ കാരണാം എന്തായിരിക്കാം? എന്റെ ഒരു നിരീക്ഷണം നാട്ടില്‍ നാമൊക്കെ മലയാളം പഠിച്ചത് പോലെ ഇത്തരം കാര്യങ്ങളും വളര്‍ന്ന് വരുമ്പോഴെ നാച്വറലായി മനസ്സില്ലാക്കുന്നു എന്നതാണ്. ഇവിടെയാകുമ്പോള്‍ അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ വളര്‍ന്ന് പിന്നെ സ്കൂളില്‍ പോയി തുടങ്ങുന്ന പ്രായത്തില്‍ മാത്രമാണ് ഇത്തരം ചുറ്റുപാടുകളുമായി ഇടപഴകാന്‍ സഹചര്യം ലഭിക്കുന്നത് എന്നതിനാലാവാം.

കുട്ടികള്‍ നിഷ്കളങ്കരാണ്‍,  അതില്‍ നമ്മളായിട്ട് മായം ചേര്‍ക്കാതിരിക്കുക.