Thursday, July 21, 2011

അവധിക്കാലത്തെ കാല്‍നട വിശേഷങ്ങള്‍

ഇപ്രാവശ്യം നാട്ടില്‍ പോയാല്‍ വാടകയ്ക്ക് കാറ് എടുക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. കാറുണ്ടായാല്‍ നാട്ടില്‍ പോയതിന്റെ ഒരു ഇഫക്റ്റ് കിട്ടുന്നില്ല. വീട്ടില്‍ നിന്ന് ഇറങ്ങി വണ്ടിയെടുത്ത് എത്തേണ്ടിടത്ത് ഇറങ്ങി തിരിച്ച് വന്ന് - എന്തോ ഒരു കുറവുണ്ട്. നാടുമായി ഒന്നു അടുത്തിടപെടാന്‍ കഴിയില്ല. എപ്പോഴും കരുതും അടുത്ത തവണ വണ്ടി എടുക്കില്ലെന്ന്, പക്ഷെ സാധിക്കില്ല. ഇപ്രാവശ്യം അത് നടപ്പിലാക്കി.

എന്റെ ഗ്രാമത്തില്‍നിന്ന് അടുത്ത ടൌണിലേക്ക് രണ്ട് കിലോമീറ്റര്‍ ഉണ്ട്. നടക്കാം അല്ലെങ്കില്‍ ആട്ടോ പിടിക്കാം. വന്നതിന്റെ പിറ്റേന്ന് തന്നെ മകനുമായി നടന്നപ്പോ വഴിയിലും  റോഡിനരികിലെ വീടുകളില്‍ പുറത്തിരിക്കുന്നവരേയും കണ്ടു,  സുഖാന്വേഷണങ്ങള്‍ കൈമാറി, കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞു. വളരെ സന്തോഷം തോന്നി. പ്രായമായവരാണ് കണ്ടവരില്‍ കൂടുതലും. പത്ത്-പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വളര്‍ന്ന ചെറുപ്പക്കാരെ വലിയ പരിചയമില്ല. സമപ്രായക്കാരായവര്‍ മിക്കവരും നാട്ടിലില്ല.

റോഡരികില്‍ നിന്നും ഒരു ദൃശ്യം
നടക്കുമ്പോള്‍ മകന് നാട്ടിനെ കുറിച്ചും, വയലുകളെകുറിച്ചും, മരങ്ങളെകുറിച്ചും, പക്ഷികളെകുറിച്ചും ഒക്കെ പറഞ്ഞ് കൊടുക്കാന്‍ പറ്റി. കൂടെ ഓര്‍മകള്‍ അയവിറക്കലുമായി.

അല്പം നടന്നപ്പോള്‍ ദേവി ടീച്ചറെ കിട്ടി കൂടെ നടക്കാന്‍. വിഷേശങ്ങള്‍ പറഞ്ഞ് നടക്കവെ കുറച്ച് കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ നിന്ന് വന്ന ഒരു സുഹൃത്ത് കാറുമായി അത് വഴി വന്നു. ഞങ്ങള്‍ നടക്കുന്നത് കണ്ട് അവന്‍ വണ്ടി നിര്‍ത്തി. പിന്നെ അതില്‍ കയറുകയല്ലാതെ വേറെ വഴിയില്ല. അത്ര അഹങ്കാരം വേണ്ടല്ലേ. 

നാട്ടിന്‍പുറത്തിലൂടെയുള്ള നടത്തം, ബസ്സില്‍ യാത്ര, ബസ് സ്റ്റാന്‍ഡ്, ആട്ടോ അങ്ങിനെ സ്വകാര്യ വാഹനം ഇല്ലെങ്കില്‍ അത് ഒരു ഹരമാണ്. ഇതിനിടയില്‍ പല അനുഭവങ്ങള്‍ - ആശങ്കകളും പ്രതീക്ഷകളും തരുന്ന സമ്മിശ്ര അനുഭവങ്ങള്‍. കുട്ടികളേയും കൂട്ടി ട്രെയിനില്‍ യാത്ര ചെയ്യണമെന്ന പ്ലാന്‍ മാത്രം നടന്നില്ല.

ഗള്‍ഫ്കാരന്‍ നാട്ടില്‍ വരുമ്പോള്‍ സ്വന്തമായോ വാടകയ്ക്കോ ഒരു വണ്ടി എടുത്തിരിക്കണമെന്നത് നാട്ടില്‍ ഇപ്പോള്‍ ഒരു അലിഖിത നിയമമായിട്ടുണ്ട്.  അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് വലിയ വിഷമമാണ്. ചിലര്‍ സഹതാപത്തോടെ നോക്കും, ചിലര്‍ പുഛത്തോടെയും. ചിലര്‍  നേരിട്ട് ചോദിക്കുകയും ചെയ്യും. ശരിക്കും നല്ല ഗഡ്സ് വേണം.

Wednesday, July 20, 2011

ഗ്രീന്‍ ബില്‍ഡിങ്ങ്: മനോഭാവം മാറണം

സുസ്ഥിര വികസനം (sustainable development), ഗ്രീന്‍ ബില്‍ഡിങ്ങ് (Green Building) എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷെ അത് വെറും മാധ്യമങ്ങളില്‍ മാത്രമാണ്, നമ്മുടെ നാട്ടില്‍ ഇത് പ്രായോഗിക തലത്തില്‍ എത്താന്‍ ഇനിയും കാലമെടുക്കും എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് തോന്നുന്നത്.

നിര്‍മ്മാണ വസ്തുക്കളുടെ പുനരുപയോഗവും പ്രാദേശികമായി ലഭ്യമായ നിര്‍മ്മാണവസ്തുക്കളുടെ ഉപയോഗവും ഗ്രീന്‍ ബില്‍ഡിങ്ങ് തത്വങ്ങളില്‍ വളരെ പ്രാധാനപ്പെട്ടതാണ്. വീടെടുക്കുന്ന ഉടമസ്ഥന്‍ മനസ്സ് വെച്ചാല്‍ മാത്രം പോരാ പണി എടുക്കുന്നവര്‍ക്കും എടുപ്പിക്കുന്നവര്‍ക്കും അതിന്റെ ബോധം വേണം, മനോഭാവം മാറണം എന്ന് എന്റെ അനുഭവം അടിവരയിടുന്നു.  പഴയ തറവാട് പൊളിച്ചാണ് ഞാന്‍ വീട് പണി തുടങ്ങിയത്. തറവാട് പൊളിച്ചപ്പോള്‍ കവുക്കോല്‍, വണ്ണം കൂടിയ കട്ടിളകളും വാതിലുകളുമൊക്കെയായി മോശമല്ലാത്ത തടികള്‍ ഉണ്ടായിരുന്നു. പുതിയ വീടിന് കട്ടിളയും ജനലും ഉണ്ടാക്കാന്‍ ആവശ്യമായ മരം അതില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ആശാരിയെ കൊണ്ട് വന്നാപ്പോള്‍ ഒരു കാര്യം മനസ്സിലായി അയാള്‍ക്ക് പരമാവധി പഴയ മരം എടുക്കുന്നത് ഒഴിവാക്കാനാണ് താത്പര്യം എന്ന്. പഴയ മരം ഉപയോഗിക്കുന്നത് വഴി എത്ര മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കാന്‍ പറ്റുമെന്ന് ചിന്തിച്ചിരുന്നെങ്കില്‍! ഈ പഴയ മരങ്ങള്‍ പാഴായി പോകില്ല എന്ന് ചിന്തിച്ചിരുന്നെങ്കില്! പഴ വീടിന്റെ വരാന്തയുടെ കവുക്കോല്‍ കൊണ്ട് മാത്രം പുതിയ പുരയുടെ വരാന്ത കവുക്കോലും ഓടുമാക്കാമായിരുന്നു. ഞാന്‍ എന്റെ പ്ലാന്‍ ഉണ്ടാക്കിയത് പോലും അതിന്‍ പറ്റുന്ന വിധത്തിലായിരുന്നു. പക്ഷെ മേസ്തിരിക്ക് അത് ശരിയാവില്ല എന്ന് പറയാനേ കഴിഞ്ഞുള്ളൂ. കുഴിനാട്ടയ്ക്ക് മതിയായ കാട്ട്കല്ല് (പാറ) സൈറ്റില്‍ തന്നെ ലഭ്യമാണ്. പക്ഷെ അതുപയോഗിക്കുന്നതിലും കുറെ എക്സ്ക്യൂസസ് ആണ്. 

അങ്ങിനെ പുനരുപയോഗിക്കാവുന്ന മരങ്ങള്‍ ഉണ്ടായിട്ടും പുതിയ മരങ്ങള്‍ വാങ്ങണം, പ്രാദേശികമെന്നല്ല സൈറ്റില്‍ തന്നെ ലഭ്യമായ പാറ കല്ലുകള്‍ ഉണ്ടായിട്ടും  കുഴിനാട്ടയിടാന്‍ ‘സെക്കന്റ് ചെത്ത് കല്ല്’ (അങ്ങിനെയാണ് അതിന്‍ പറയുന്നത്) വാങ്ങണം.

എനിക്കും തെറ്റുപറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. തുടക്കത്തില്‍ ഞാനും ഇക്കാര്യമൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇങ്ങിനെയൊക്കെയാണ് നാട്ടിലെ കാര്യങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ ഞാനും വൈകി. അല്ലെങ്കില്‍ പ്രൊജക്ട് മാനേജറെ തെരഞ്ഞെടുക്കുന്ന അവസരത്തില്‍ തന്നെ  കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തുമായിരുന്നു. പക്ഷെ പ്രൊജക്ട് മാനേജരില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത് എന്നത് മറ്റൊരു കാര്യം. മരപ്പണിക്കാരും, കല്‍പണിക്കാരും എന്ന് വേണ്ട കെട്ടിട നിര്‍മ്മാണത്തിന്റെ ഓരോ സ്റ്റേജിലും ഏര്‍പ്പെടുന്ന പണിക്കാരും കോണ്ട്രാക്ടര്‍മാരും അവരുടെ മനോഭാവം മാറ്റുകയും പുതിയ കാര്യങ്ങള്‍ പഠിക്കുവാനും മാറുന്ന പാരിസ്ഥിതിക സാമൂഹിക അവസ്ഥകള്‍ മനസ്സിലാക്കുവാനും തയ്യാറാകിടത്തോളം ഇതിന്‍ മാറ്റം ഉണ്ടാകുകയില്ല.

യഥാര്‍ത്ഥില്‍ ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്കാണ് അവരുടെ ക് ളൈന്റിനെ മാറുന്ന സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കേണ്ട ഉത്തരവാദിത്തം. പക്ഷെ അവര്‍തന്നെ ഇങ്ങിനെയായാലോ?

ടൊയ്ലറ്റും സെക്യൂരിറ്റിയും പിന്നെ ഫോട്ടൊയും

കണ്ണൂര്‍ ടൌണില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന മകന് മൂത്രശങ്ക. വീട്ടിലെത്തുന്നത് വരെ നീട്ടി വെക്കാന്‍ പറഞ്ഞപ്പോള്‍ ഒരു രക്ഷയുമില്ല. അടുത്ത് കണ്ട ഒരു പെട്രോള്‍ സ്റ്റേഷനില്‍ തീരെ പതിവില്ലാത്ത വിധം ഭംഗിയായി ഒരു ബോര്‍ഡില്‍ റ്റൊയ്ലെറ്റ് എന്ന് എഴുതിയത് കണ്ട് അവിടെ കയറാം എന്ന് കരുതി. പക്ഷെ ഒരു വാതില്‍ കാണാത്തതിനാല്‍ അവിടെ കണ്ട ഒരു സെക്യൂരിറ്റിയോട് ചോദിച്ചു. പക്ഷെ ഒരു അക്രോഷമായിരുന്നു മറുപടി - ‘ഞാന്‍ ടൊയ്ലെറ്റിന്റെ ആളല്ല’. എന്തോ ടൊയ്ലറ്റിലേക്കുള്ള വഴി ചോദിച്ചത് അദ്ധേഹത്തിന്റെ അഭിമാനത്തിന് ക്ഷതം ഏല്പിച്ചെന്ന് തോന്നുന്നു! അയാളോട് സംസാരിച്ച് കൊണ്ടിരുന്ന ആള്‍ എന്നോട് സൌമ്യനായി പറഞ്ഞു ആ പെട്രോള്‍ സ്റ്റേഷന്‍ അറ്റന്‍ഡറൊഡ് അന്വേഷിക്കാന്‍.

"കുട്ടിക്കാണോ അതാ അവ്ടെ ഒഴിച്ചോളൂ, റ്റൊയ്ലെറ്റ് തുറക്കാന്‍ ബുദ്ധിമുട്ടാണ് "- അവിടെയുള്ള കെട്ടിടത്തിനെ വശത്ത് ഒരു ഓപണ്‍ സ്പേയ്സ് ചൂണ്ടിയാണ് അയാള്‍ പറഞ്ഞത്. നമ്മുടെ നാട്ടിന്റെ ഒരു കാര്യം! 


നല്ലൊരു ടൊയ്ലറ്റ് ഉണ്ടായിട്ടും, മൂത്രമൊഴിക്കാന്‍ കാണിച്ച് തന്ന ഓപണ്‍ സ്പേയ്സ്. ഈ ഫോട്ടോ സെക്യൂരിറ്റി ഇഷ്യുവൊന്നും ഉണ്ടാക്കില്ലെന്ന് കരുതാം.
വേറെ വഴിയില്ല. മകനോട് അവിടെ ഒഴിക്കാന്‍ പറഞ്ഞു. ഒരു കൌതുകം തോന്നിയതിനാല്‍ ആ ഇടത്തിന്റെ ഒരു ഫോട്ടൊ എടുത്തു. പിന്നെ ഭംഗിയായി ടൊയ്ലെറ്റ് എന്ന് എഴുതിയ ബോര്‍ഡിന്റെയും ഒരു ഫോട്ടോ എടുത്തു ഞാന്‍ അവിടെ നിന്നും ഇറങ്ങി റോഡിന്റെ അരികില്‍ നില്ക്കുമ്പോള്‍ ആ സെക്യൂരിറ്റി വന്ന് എന്റെ കൈക്ക് പിടിച്ച് ഫോട്ടോ എടുത്തോ എന്ന് ചോദിച്ചുകൊണ്ട് റോഡിനരികില്‍ നിന്ന് പെട്രോള്‍ സ്റ്റേഷന്റെ കോമ്പൌണ്ടിലേക്ക് കയറി. പോലീസിനെ വിളിക്കുകയാണെന്ന് പറഞ്ഞ് അയാള്‍ ഫോണില്‍ നമ്പറടിക്കാന്‍ തുടങ്ങി. ചേട്ടാ കാര്യമെന്താണെന്ന് പറയൂ എന്നിട്ട് പോലിസിനെ വിളിച്ചാല്‍ പോരെ എന്ന് ഞാനും പറഞ്ഞു. ആ ടൊയ്ലെറ്റിനോട് ചേര്‍ന്ന് ഒരു എ.ടി.എം ഉണ്ട് അവിടുത്തെ സെക്യൂരിറ്റിയാണ് ഇയാള്‍. എ.ടി.എമ്മിന്റെ ഫോട്ടോയാണ് നിങ്ങള്‍ എടുത്തത്, ഇവിടെ പലതും നടക്കുന്നുണ്ട് എന്നൊക്കെ അയാള്‍ ചൂടായി പറഞ്ഞു.  ചേട്ടാ അങ്ങിനെയെങ്കില്‍ അത് പറഞ്ഞാല്‍ പോരെ ഞാന്‍ അത് ഡിലീറ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് ഞാന്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ടൊയ്ലെറ്റിന്റെ വഴി ചോദിച്ചതിന് ചേട്ടന്‍ എന്തിനാ ചൂടായത് എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ മറുപടിയൊന്നും പറയാതെ പോയി. 

പിന്നെയാണ് അതിന്റെ ക്ലൈമാക്സ്. സെക്യൂരിറ്റിക്കാരന്‍ പോയ ഉടനെ രണ്ട് ചെറുപ്പക്കാര്‍ എന്റെടുത്ത് വന്നു എന്താണെന്ന് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. പിന്നെ അവര്‍ ചൂടാകന്‍ തുടങ്ങി - അത്രയെ ഉള്ളൂ, അതിനാണോ അയാള്‍ നിന്റെ കൈയില്‍ പിടിച്ചത്.  ഞങ്ങള്‍ കരുതി നീ എ.ടി.എമ്മില്‍ എന്തെങ്കിലും തട്ടിപ്പ് നടത്തിയിട്ടാണ് എന്ന്. നീ എന്തിനാണ്‍ അങ്ങിനെ വെറുതെ വിട്ടത്. വാ നമുക്ക് ചോദിക്കാം. ഞാന്‍ പറഞ്ഞു വിട്ടേക്ക് - കുഴപ്പമില്ല. പക്ഷെ അവര്‍ വിടാന്‍ ഭാവമില്ല. എന്നല്‍ ഞങ്ങള്‍ പോയി ചോദിക്കും എന്ന് പറഞ്ഞു അവര്‍ അയാളുടെ അടുത്തേക്ക് ചെന്നു.

അവര്‍ അയാളോട് വല്ലാതെ ചൂടാവുന്നുണ്ട്. പിന്നെ ഞാന്‍ അങ്ങോട്ട് ചെന്നു. അയാള്‍ ന്യായികരിക്കാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ അവര്‍ വിടുന്നില്ല. ഒരു കുട്ടിയുമായി പോകുന്ന ആളോട് ഇങ്ങിനെയാണോ പെരുമാറുന്നത്, കുറച്ച് കൂടി മാന്യമായി പെരുമാറിക്കൂടെ. നിങ്ങള്‍ ഫെഡറല്‍ ബാങ്കിന്റെ മാത്രം സെക്യൂരിറ്റിയാണ് അല്ലാതെ കണ്ണൂര്‍ ടൌണിന്റെ മൊത്തം സെക്യൂരിറ്റിയാവണ്ട, ഇത് കണ്ണൂരാണ് എന്നൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. അവസാനം നിങ്ങളുടെ പേരെന്താണ് ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടേ എന്നൊക്കെ അവര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ സെക്യൂരിക്കാരന്‍ മെല്ലെ പിന്‍-വലിയാന്‍ ശ്രമിക്കുന്നത് കണ്ടു. അവസാനം ഞാന്‍ അവരെ സമാധാനിപ്പിച്ച് അവിടെ നിന്ന് കൊണ്ട് പോയി.

ഞാന്‍ അവരെ പരിചയപ്പെടാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ കൂടുതല്‍ പരിചയപ്പെടാന്‍ താത്പര്യം കാണിച്ചില്ല. പിന്നെ എനിക്ക് കുറച്ച് ഉപദേശവും - “അങ്ങിനെ പേടിക്കേണ്ടതില്ല, ഇവിടെ നാട്ടുകാരില്ലെ. നിങ്ങളുടെ കൈയില്‍ അങ്ങിനെ പിടിച്ച് നടക്കുമ്പോള്‍ കാണുന്നവര്‍ എന്താണ് കരുതുക. ഞങ്ങള്‍ കരുതിയത് നിങ്ങള്‍ എ.ടി.എമ്മില്‍ എന്തെങ്കിലും   തട്ടിപ്പ് നടത്തി എന്നാണ്. അങ്ങിനെയല്ലേ എല്ലാവരും കരുതുക. നിങ്ങളുടെ കൂടെ ഒരു കുട്ടിയുമില്ലേ. ഞങ്ങള്‍ ശരിക്കു വിഷമമായി അത്കൊണ്ടാണ് ഞങ്ങള്‍ ചോദിച്ചത്“.  ശരിക്കും പറഞ്ഞാല്‍ ഇതിന്‍ അങ്ങിനെയും ഒരു മാനമുണ്ടെന്ന് അപ്പോഴാണ് ഞാന്‍ ചിന്തിച്ചത്.

ഇപ്പോഴും ഞാന്‍ കണ്‍ഫ്യൂഷനിലാണ് ആരാണ്‍ ശരി, ആരണ് തെറ്റ്! നിങ്ങള്‍ക്കെന്ത് തോന്നുന്നു?

അയാള്‍ അയാളുടെ ജോലി ചെയ്തതാകാം. പക്ഷെ പൊതുജനങ്ങളോട് ഇടപഴകേണ്ട ഒരു ജോലിയാകുമ്പോള്‍ കുറച്ച് കൂടി മര്യാദ ആവാമായിരുന്നു. എങ്ങിനെ സംസാരിക്കണം എങ്ങിനെ ഇടപെടണം എന്നതിനെ കുറിച്ച് ഒരു മിനിമം പരിശീലനമെങ്കിലും ബാങ്കായാലും സെക്യൂരിറ്റി ഏജന്‍സി ആയാലും നല്‍കേണ്ടതാണ്. 

Wednesday, July 13, 2011

ചോട്ടയുമായി ഒരു ബസ് യാത്ര

കണ്ണൂരില്‍ നിന്ന് ചെറുകുന്നിലേക്ക് എന്റെ അഞ്ചുവയസ്സുകാരനുമായി ഒരു ബസ്സ് യാത്ര.

ബസ്സില്‍ കയറിയപ്പോള്‍ തന്നെ അവന് ആദ്യം ശ്രദ്ധിച്ചത് വിന്‍ഡൊയ്ക്ക് ഗ്ലാസില്ല എന്നതായിരുന്നു. ബസ്സ് നീങ്ങിതുടങ്ങിയതിന്‍ ശേഷം ഗ്ലാസില്ലാത്ത അതിവിശാലമായ ജനാലയിലൂടെ നേരിട്ട് വളരെ വ്യക്തമായി കാണുന്ന കാഴ്ചകള്‍ ദുബായിലേതില്‍ നിന്നും വളരെ വ്യത്യസ്ഥമാണല്ലോ. 

“ഉപ്പാ, ഇതൊക്കെ കാണാനാ നമ്മള്‍ ബസ്സില്‍ പോകുന്നത്?” 
“അതെ”

കുറച്ച് കഴിഞ്ഞ് ബസ്സിന്റെ വേഗത കൂടി (മരണപാച്ചിലാണ് ഈ റൂട്ടിലെ ബസ്സുകളുടെ ഒരു രീതി)
“വേഗം കാണിച്ച് തരാനാ ഇതു സ്പീഡില്‍ പോകുന്നത്?”
“അതെ” :)
“പക്ഷെ സ്പീഡില്‍ പോകുമ്പോള്‍ എനിക്ക് ശരിക്കും കാണാന്‍ പറ്റുന്നില്ല”

കുറച്ച് കഴിഞ്ഞ്
“ഉപ്പാ, നമ്മളെ എന്താ പോലീസ് പിടിക്കാത്തത്?”
“എന്തിനാ പോലീസ് പിടിക്കുന്നത്?”
“ബസ്സ് ഫാസ്റ്റില്‍ പോകുന്നതിന്”